Aug 15, 2015

വാവ് ബലി


ഇവിടെയോരിടത്ത് ജീവിക്കാനായ്,
ആദ്യം കുത്തി പൊട്ടിച്ചു ഞാൻ എന്റെ കണ്ണുകൾ.
പിന്നെ കൊട്ടിയടച്ചു ഞാൻ എന്റെ കാതുകൾ.
ഒടുവിൽ,
മനസ്ഥാപമില്ലാതെ കൊന്നു തള്ളി,
മുൻപ് എപ്പോഴൊക്കെയോ നെയ്തു കൂട്ടിയ
തുള്ളി മഞ്ഞിന്റെ തിളക്കമുള്ളോരെൻ
സ്വപ്നങ്ങളെ കൂടി ഞാൻ !!!
ഇന്ന്  ഈ വാവിന് ഞാനും ബലിയിടുന്നു
കണ്ണീരും ഒരു ഉരുള ചേർത്ത്,
അകാലത്തില്‍ പൊലിഞ്ഞു പോയൊരെൻ
സ്വപ്നങ്ങളുടെ പേരിൽ....!!!

Aug 6, 2015

മലേഷ്യന്‍ മണ്ണില്‍ ...... - Day 1


ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ സമയം ആറര കഴിഞ്ഞിരുന്നു. എട്ടുമണിക്ക് മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്താനായിരുന്നു ഞാനും ഫെലിക്സും തീരുമാനിച്ചിരുന്നത്. ഉബര്‍ ടാക്സിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഫോണിലെ ഇന്റര്‍നെറ്റിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിക്വസ്റ്റ് കൊടുക്കാന്‍ അല്പം വൈകിയെങ്കിലും അധികം താമസിയാതെ തന്നെ ഞങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം ഫോര്‍ഡ് ഫിയസ്റ്റ, ഇന്‍ഫോപാര്‍ക്കിന്റെ ഗേറ്റിന് മുന്നിലെത്തി. . ഞങ്ങളുടെ കാബ് ഡ്രൈവര്‍ അനൂപ്‌ യാത്രയുടെ തുടക്കം മുതല്‍ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. ഉബറിന്‍റെ ടാക്സി സേവനങ്ങളെ പറ്റി പറഞ്ഞ് തുടങ്ങിയ ഞങ്ങളുടെ സംസാരം ആ ഒരു മണിക്കൂര്‍ യാത്രക്കിടയില്‍ മറ്റു പല വിഷയങ്ങളിലേക്കും ചെന്നെത്തി. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. അനൂപിനോട് യാത്ര പറഞ്ഞ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ മുറ്റത്ത് ഞങ്ങളിറങ്ങി.

മഴമേഘങ്ങള്‍ നിറഞ്ഞ ആകാശത്തിനു താഴെ ഞങ്ങളെ തന്നെ തുറിച്ചുനോക്കി നില്‍ക്കുകയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം. ഇതിനു മുന്‍പ് ഫ്രണ്ട്സിനെ സ്വീകരിക്കാനും യാത്രയയക്കാനും ഒന്ന് രണ്ടു തവണ വന്നിട്ടുണ്ടെന്നതല്ലാതെ അതിനപ്പുറം യാതൊരു പരിചയവും ഞങ്ങള്‍ തമ്മിലില്ലാത്തതു കൊണ്ടാവണം താവളത്തിന് അങ്ങനെയൊരു മുഖഭാവം. ഞാനും ഫെലിക്സും എയര്‍പോര്‍ട്ടിന്റെ അകത്തേക്ക് നടന്നു. സമയം എട്ടു മണി കഴിഞ്ഞതെയുള്ളു. ഞങ്ങള്‍ക്ക് പോകാനുള്ള എയര്‍ഏഷ്യയുടെ കൊച്ചി - കോലാലംപൂര്‍ ഫ്ലൈറ്റ് രാത്രി പതിനൊന്നു മണിക്കാണ്.  എയര്‍പോര്‍ട്ടിലെ ചെക്കിന്‍ പരിപാടി വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു.  ഇനിയും കിടക്കുന്നു രണ്ടു രണ്ടര മണിക്കൂര്‍. ഫോണ്‍ ചെയ്തും, സെല്‍ഫിയെടുത്തും, കണ്ണില്‍ കാണുന്ന സുന്ദരിമാരുടെ കണക്കെടുത്തും ഞങ്ങള്‍ സമയം കഴിച്ചു കൂട്ടി.

ഒടുവില്‍ ഞങ്ങള്‍ക്ക് കയറാനുള്ള സമയമായിയെന്ന്‍ അനൌണ്‍സ്മെന്റ് മുഴങ്ങി. വില കുറഞ്ഞ സീറ്റുകളായത് കൊണ്ടാവണം ഏറ്റവും അവസാനത്തെ ഗ്രൂപ്പിലായാണ് ഞങ്ങള്‍ അകത്തേക്ക് വിളിക്കപ്പെട്ടത്‌. എയര്‍ഏഷ്യയുടെ ചുവന്ന കുപ്പായം ധരിച്ച എയര്‍ഹോസ്റ്റസ്മാര്‍ ഞങ്ങളെ കൈകൂപ്പി അകത്തേക്ക് സ്വാഗതം ചെയ്തു. സീറ്റ്‌ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. സൈഡ് സീററ് നോക്കി തന്നെയാണ് ബുക്ക്‌ ചെയ്തത്. കയ്യിലുള്ള ബാഗ് യഥാസ്ഥാനത്ത് വയ്ക്കുന്നതിന്റെ ഇടയിലാണ് അയാള്‍ എന്നെ തൊട്ടുവിളിച്ചത്. ഞാന്‍ തിരിഞ്ഞു നോക്കി. നരച്ച മുടിയുള്ള നോര്‍ത്ത്ഇന്ത്യന്‍ ലുക്ക്‌ ഉള്ള ഒരാള്‍. കാര്യം മറ്റൊന്നുമല്ല അയാളുടെ ഭാര്യയും മകളുമാണ് എന്‍റെ അടുത്തതും അടുത്തതിന്റെ അടുത്തതുമായ സീറ്റുകളില്‍ ഇരിക്കുന്നത്. അതുകൊണ്ട് കൊണ്ട് ഞാന്‍ എന്‍റെ സീറ്റ്‌ അയാള്‍ക്ക് കൊടുക്കണം. ബസിലും ട്രെയിനിലും മാത്രമല്ല ബീമാനത്തിലും ഇത്തരം പരിപാടികളുണ്ട് എന്ന്‍ അപ്പോഴാണ്‌ മനസിലായത്. മനുഷ്യരുടെ പ്രശ്നങ്ങള്‍ എല്ലായിടത്തും ഒന്നാണെടാ എന്ന്‍ ശ്രീനിവാസന്‍ കഥാപാത്രം എന്‍റെ മനസ്സില്‍ വന്ന്‍ പറഞ്ഞു. നോര്‍ത്ത് ഇന്ത്യന്‍ കുടുംബനാഥനോട്‌ വളരെ മയത്തില്‍ ഒരു സോറി പറഞ്ഞ്‌ ഞാന്‍ എന്‍റെ സൈഡ് സീറ്റില്‍ കയറിയിരുന്നു. പിന്നല്ല ; ആദ്യമായിട്ടാ ഈ പണ്ടാരത്തില്‍ ഒന്ന്‍ കേറുന്നത് അതിന്‍റെ എടയിലാ അങ്ങേരുടെ കസേരകളി.

ടേക്ക്ഓഫ്‌ ചെയുമ്പോള്‍ മൊബൈല്‍ ഓഫ്‌ ചെയ്യണം സീറ്റ്‌ ബെല്‍റ്റ്‌ ഇടണം എന്നൊക്കെ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേറിയപാടെ അതങ്ങ് ചെയ്തു. കുറച്ച് കഴിയുമ്പോഴേക്കും വിമാന കമ്മിറ്റിക്കാരുടെ വക എല്ലാ നിര്‍ദ്ദേശങ്ങളും കിട്ടി. ലൈറ്റും ഓഫാക്കി. അങ്ങനെ ആ വലിയ വാഹനം നീങ്ങാന്‍ തുടങ്ങി. പിന്നെ പതുക്കെ റണ്‍വെയിലേക്ക് കയറി. വേഗമാര്‍ജിച്ച്, അതിവേഗമാര്‍ജിച്ച് കരുത്താര്‍ജിച്ച് ഏതോ ഒരു നിമിഷത്തില്‍ മണ്ണിനെ വിട്ട് വിണ്ണിലേക്ക്. ഭാരമില്ലാത്ത അവസ്ഥ. അതെ ഞാന്‍ പറക്കാന്‍ തുടങ്ങിയിരിക്കുന്നു. അല്‍പസമയത്തിനകം ലൈറ്റുകള്‍ തെളിഞ്ഞു. സീറ്റ്‌ ബെല്‍റ്റുകള്‍ അഴിയുന്ന ശബ്ദം. എല്ലാം സാധാരണ നിലയിലായി. ഒരു ഉന്തുവണ്ടിയില്‍ ഭക്ഷണവുമായി എയര്‍ഹോസ്റ്റസുമാര്‍ വരുന്നത് കണ്ടു. വിശപ്പുണ്ടായിരുന്നെങ്കിലും കയ്യില്‍ പണം കുറവായതിനാല്‍ ഞങ്ങള്‍ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാനൊന്നും പോയില്ല.

ചെവിയില്‍ ഹെഡ്സെറ്റും തിരുകി പാട്ടും കേട്ടിരിക്കുന്നതിനിടയില്‍ ഉറങ്ങിയത് എപ്പോഴാണെന്ന് ഓര്‍മ്മയില്ല. പിന്നെ ഉണരുന്നത് കോലാലംപൂര്‍ എയര്‍പോര്‍ട്ട് അടുക്കാറായിയെന്ന ക്യാപ്റ്റന്‍റെ അനൌണ്‍സ്മെന്റ് കേട്ടാണ്. ഉടന്‍ തന്നെ ലാന്‍ഡിംഗിന് മുന്‍പുള്ള നിര്‍ദ്ദേശങ്ങള്‍ മുഴങ്ങി. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ്‌ ചെയ്ത് സീറ്റ്‌ബെല്‍റ്റുകളിട്ട് എല്ലാവരും ലാന്‍ഡിംഗിന് തയ്യാറായി.

കോലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഥവാ ക്ലിയ ടെര്‍മിനല്‍ രണ്ടിലാണ് ഞങ്ങള്‍ ഇറങ്ങിയത്. തെക്ക്-കിഴക്ക് ഏഷ്യയിലെയും മലേഷ്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഒന്നാണ് ക്ലിയ. 68 വിമാനങ്ങള്‍ ഒരേ സമയം നിര്‍ത്തിയിടാന്‍ കഴിയുന്ന ക്ലിയ മലേഷ്യയിലെ ഏറ്റവും തിരക്കേറിയതും ലോകത്തിലെ ഇരുപതാമത്തെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുമാണ്.

എയര്‍പോര്‍ട്ടിലെ പരിശോധനകള്‍ക്ക് ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങിയത് പലതരം മദ്യകുപ്പികളുടെ ഇടയിലേക്കായിരുന്നു. ഏതു വലിയ ഷോപ്പിംഗ്‌ മാളിനോടും കിടപിടിക്കുന്നതാണ് ക്ലിയയുടെ അകത്തുള്ള കടകള്‍. ഹെല്‍പ്പ് ഡെസ്ക്കില്‍ അനേഷിച്ച് പുറത്തേക്കുള്ള വഴി കണ്ടുപിടിച്ച ഞങ്ങള്‍ ആദ്യം ചെന്നുകയറിയത് ഡിജി മൊബൈല്‍സിന്‍റെ ഔട്ട്‌ലെട്ടിലേക്കാണ്. ചുവന്ന ടീഷര്‍ട്ട് ധരിച്ച ഒരു പെണ്‍കുട്ടി ഞങ്ങള്‍ക്ക് ഡിജിയുടെ താരിഫുകള്‍ പറഞ്ഞു തന്നു. ഇന്ത്യയില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ തമിഴിലായി ആ പെണ്‍കുട്ടിയുടെ സംസാരം. ഒടുവില്‍ എല്ലാം കേട്ടുകഴിഞ്ഞ ശേഷം നാല് ദിവസം വാലിഡിറ്റിയുള്ള 500MB ഡാറ്റയും 16 റിങ്കററ് ടോക്ക്ടൈമുമുള്ള സിം കാര്‍ഡാണ് ഞങ്ങള്‍ വാങ്ങിയത്.

എയര്‍പോര്‍ട്ടിനകത്ത് തന്നെയുള്ള ബസ്‌ ടിക്കറ്റ്‌ കൗണ്ടറില്‍ നിന്നും‌ സിറ്റി സെന്‍ട്രലിലേക്കുള്ള ടിക്കറ്റുമെടുത്താണ് ഞങ്ങള്‍ പുറത്തെക്കിറങ്ങിയത്. അവിടെ നല്ല ഭംഗിയുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ഒരു ബസ്‌ ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ അതില്‍ കയറിയിരുന്നു. അല്‍പസമയത്തിന് ശേഷം ബസ്‌ യാത്രയാരംഭിച്ചു. ക്ലിയയും പരിസരവും പിന്നിട്ട് ബസ്‌ എട്ട് വരിപാതയിലൂടെ കോലാലംപൂര്‍ നഗരത്തിലേക്ക് കടന്നു. പണ്ടെന്നോ, വായിച്ചു മറന്ന എസ്.കെ. പൊറ്റക്കാടിന്റെ 'മലയായിലൂടെ' എന്ന യാത്രാവിവരണത്തിന്‍റെ ചെറിയ ഓര്‍മ്മകള്‍ മനസിലേക്ക് കടന്നു വന്നു. മനോഹരമായ പാതകള്‍. പാതയോരത്തു നിറയെ എണ്ണപ്പനകള്‍. വലിയ ആള്‍തിരക്കുകള്‍ ഇല്ലാത്ത റോഡുകള്‍. ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ കെ.എല്‍ സെന്‍ട്രലില്‍ എത്തി.

പേരുപോലെത്തന്നെ നഗരത്തിന്‍റെ പ്രധാനഭാഗം തന്നെയാണ് സെന്‍ട്രല്‍. കോലാലംപൂരിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന ഒരിടമാണ് കെ.എല്‍ സെന്‍ട്രല്‍. ഗതാഗതമാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ട്  ഓഫീസുകള്‍ പാര്‍പ്പിടങ്ങള്‍ മറ്റ് വിനോദവിജ്ഞാനഉപാധികള്‍ തുടങ്ങിയവയെ കൂടി ഉള്‍ക്കൊള്ളിച്ച് വികസിപ്പിച്ചതാണ് നഗരത്തിലെ ഈ മേഖല. ഓഫീസ് സോണ്‍, എന്റര്‍ടെയിന്‍മെന്റ്റ് സോണ്‍, ട്രാന്‍സ്പോര്‍ട്ട് സോണ്‍, റെസിഡെന്‍ഷ്യല്‍ സോണ്‍ എന്നിങ്ങനെ പ്രധാനമായും 4 സോണുകളായി തരം തിരിച്ചിരിക്കുകയാണ് കെ.എല്‍ സെന്ട്രലിനെ. ഇതിനു പുറമെയാണ് മോണോറെയില്‍ സ്റ്റേഷനും ബസ്‌സ്റ്റാന്റും. .

ഇതില്‍ ബസ്‌സ്റ്റാന്‍ഡിലാണ് എയര്‍പോര്‍ട്ടില്‍ നിന്നാരംഭിച്ച ഞങ്ങളുടെ ബസ്‌ യാത്ര അവസാനിച്ചത്. അവിടെ നിന്നും കെട്ടിടത്തിന്‍റെ അകത്തേക്ക് കയറിയ ഞങ്ങള്‍ നു സെന്‍ട്രല്‍ മാളിന്റെ ഉള്ളിലാണ് ചെന്നെത്തിയത്. കെ.എല്‍ സെന്‍ട്രലിലെ എന്റര്‍ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുന്നതാണ് ഈ ഷോപ്പിംഗ് മാള്‍. ടെക്സ്റ്റെയില്‍സ് ഇലക്ട്രോണിക്സ് ഷോപ്പുകള്‍. ജ്യൂസുകള്‍ വില്‍ക്കുന്ന കടകള്‍, കോഫീപാര്‍ലറുകള്‍, വാച്ച് കടകള്‍. ട്രെയിന്‍ ടിക്കറ്റ്‌ കൗണ്ടറുകള്‍ അങ്ങനെ പലതും. പലതരത്തില്‍ വേഷംധരിച്ച ആളുകള്‍ തിരക്കിട്ട് എങ്ങോട്ടൊക്കെയോ നടന്നു പോകുന്നു. ലിഫ്റ്റുകളില്‍ കയറിയിറങ്ങുന്നു. എസ്കലെറ്ററിലൂടെ ഒഴുകിയിറങ്ങുന്നു. തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പോകുന്ന തദ്ദേശീയരും വിദേശികളും ലോകത്തിന്‍റെ പലഭാഗത്ത് നിന്നെത്തിയ സഞ്ചാരികള്‍, കുട്ടികള്‍ വീട്ടമ്മമാര്‍ അങ്ങനെ പലവിഭാഗങ്ങള്‍ ഉണ്ടായേക്കാം ആ ആള്‍ക്കൂട്ടത്തില്‍.

ഈ തിരക്കിന്‍റെ ഇടയില്‍ ഞങ്ങള്‍ അന്വേഷിച്ചത് ടോയിലെറ്റ് എന്നെഴുതിയ ബോര്‍ഡായിരുന്നു. അല്പനേരത്തെ അന്വേഷണത്തിന്റെ ഒടുവില്‍ ഞങ്ങളത് കണ്ടെത്തുകയും ചെയ്തു. കുളിച്ച് യാത്രാക്ഷീണം തീര്‍ത്ത് പുതിയ വേഷവിധാനങ്ങളോടെ ഞങ്ങള്‍ ആദ്യദിവസത്തെ പരിപാടികള്‍ക്ക് ഒരുങ്ങി. നന്നായി വിശക്കുന്നുണ്ടായിരുന്നെങ്കിലും അത് വകവെക്കാതെ ഞങ്ങള്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു.
കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ നാല് ദിവസത്തെ പരിപാടികളുടെ ഒരു ഏകദേശരൂപം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. അതനുസരിച്ച് ജെന്റിംഗിലേക്ക് പോകാമെന്നു കരുതിയാണ് ഞങ്ങള്‍ വീണ്ടും ബസ്‌ സ്റ്റേഷന്‍റെ അടുത്തേക്ക് നടന്നത്. കൊടുങ്കാട്ടിനുള്ളിലെ മലമുകളില്‍ ഒറ്റപ്പെട്ട് ഒരു വിനോദനഗരം. അവിടേക്കെത്താന്‍ കാടിനു മുകളിലൂടെയുള്ള റോപ്പ്‌വേ. അതാണത്രേ ജെന്റിംഗ്. എതാണ്ട് അയ്യായിരം അടി ഉയരത്തിലാണ് ഈ മായാനഗരി. കേട്ടറിവ് മാത്രമേയുള്ളൂ. അവിടെക്കാണ് ഞങ്ങളുടെ ആദ്യ യാത്ര.

ബസിലെ ജോലിക്കാരനോട്‌ വഴി ചോദിക്കുന്നതിന്റെ ഇടയിലാണ് അവിടേക്ക് പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നയാള്‍ പറഞ്ഞത്. എന്തോ അറ്റകുറ്റപ്പണിയുടെ ഭാഗമായി അത് അടച്ചിട്ടിരിക്കുകയാണത്രേ. അങ്ങനെ ഞങ്ങളുടെ ജെന്റിംഗ് യാത്രാ സ്വപ്‌നങ്ങള്‍ അയ്യായിരം അടി മുകളില്‍ നിന്നും താഴേക്ക് പതിച്ചു. അന്നത്തെ ദിവസം പുതിയ പരിപാടികളൊന്നും പ്ലാന്‍ ചെയ്തിട്ടുമില്ല. ഞങ്ങള്‍ ബുക്ക്‌ ചെയ്ത ഹോട്ടലിലേക്ക് സെന്‍ട്രലില്‍ നിന്ന് കുറച്ച് ദൂരമുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ചെക്കിന്‍ ചെയ്യേണ്ടത്. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ഹോട്ടലിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജെന്റിംഗ് സ്വപ്നങ്ങള്‍ തകര്‍ന്നതോടെ വിശപ്പിന്‍റെ വിളി കലശലായി. അങ്ങനെ ഞങ്ങള്‍ ഏറ്റവുമടുത്ത ഹോട്ടലില്‍ തന്നെ കയറി. ഒരു തമിഴ് റസ്റ്റോറെന്റ് ആയിരുന്നു അത്. അവിടെയും നാടന്‍ ദോശയും ഇഡലിയും വടയുമൊക്കെ തന്നെ. പ്രാതല്‍ അങ്ങനെ കഴിഞ്ഞു.

കെ.എല്‍ സെന്‍ട്രലില്‍ നിന്നും ഏഴ് വ്യത്യസ്തതരം ട്രെയിനുകള്‍ സര്‍വീസ് നടത്തുണ്ട്. അതിലൊന്നായ മോണോറെയില്‍ വഴിയാണ് ഞങ്ങള്‍ക്ക് ബൂക്കിറ്റ് ബിന്റാങ്ങ് എന്ന സ്ഥലത്ത് എത്തേണ്ടത്. സെന്‍ട്രലില്‍ ഉള്ള മോണോറെയില്‍ സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു. ടിക്കറ്റ്‌ എടുക്കാനായി മെഷിനുകള്‍ സ്റ്റേഷനില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. അതില്‍ കാണിച്ചിരിക്കുന്ന നഗരത്തിന്‍റെ മാപ്പില്‍ ട്രെയിന്‍ സര്‍വീസ് ഉള്ള സ്റ്റേഷനുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നമുക്ക് പോകേണ്ട സ്ഥലവും വേണ്ട ടിക്കറ്റുകളുടെ എണ്ണവും തൊട്ടു കാണിച്ച് പണം മെഷിന്റെ ഉള്ളിലേക്ക് ഇട്ടു കൊടുത്താല്‍ ടിക്കറ്റുകള്‍ ലഭിക്കും. ഒപ്പം ബാക്കി പണം അണാ പൈസ തെറ്റാതെ തിരിച്ചു ലഭിക്കുകയും ചെയ്യും. ആ യന്ത്രത്തിന്റെ കയ്യില്‍ നിന്നും ടിക്കറ്റ്‌ വാങ്ങി ഞങ്ങള്‍ പ്ലാറ്റ്ഫോമിലേക്ക് നടന്നു.

പ്ലാറ്റ്ഫോമിലെത്തി അല്‍പസമയത്തിനകം തന്നെ ട്രെയിന്‍ വന്നുനിന്നു. ആ ചെറുട്രെയിനിന്റെ വലിയ വാതിലൂടെ ആളുകള്‍ ഇറങ്ങുകയും ഞങ്ങളടക്കമുള്ളവര്‍ അകത്തേക്ക് കയറുകയും ചെയ്തു. മനോഹരമായ രീതിയില്‍ നിറങ്ങളെ വിന്യസിച്ചതായിരുന്നു ആ ട്രെയിനിന്റെ അകവശം. സെന്‍ട്രലില്‍ നിന്നും ബൂക്കിറ്റ് ബിന്ടാങ്ങിലേക്ക് അഞ്ചു സ്റ്റോപ്പുകളുടെ ദൂരം മാത്രമേയുള്ളൂവെങ്കിലും കിട്ടിയ സീറ്റില്‍ ഞങ്ങളിരുന്നു. എന്‍റെ തൊട്ടടുത്തിരുന്ന പെണ്‍കുട്ടി മലായ് ഭാഷയില്‍ അവളുടെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നാക്കിനെ മോണയുടെ മുന്‍ഭാഗത്തേക്ക് തള്ളിക്കൊണ്ടാണ് അവര്‍ ശബ്ദം പുറപ്പെടുവിക്കുന്നതെന്ന് തോന്നുന്നു. ഏകദേശം പത്ത് പതിനഞ്ചു മിനുട്ട് കൊണ്ട് തന്നെ ഞങ്ങള്‍ ബൂക്കിറ്റ് ബിന്ടാങ്ങിലെത്തി.

സ്റ്റേഷനില്‍ നിന്നും മുറികള്‍ ബുക്ക്‌ ചെയ്ത ഹോട്ടലിലേക്കുള്ള വഴി അന്വേഷിക്കുകയെന്നതായിരുന്നു അടുത്ത കലാപരിപാടി. ദിക്കും ദിശയുമറിയാത്ത ഏതു സ്ഥലത്തും വഴിക്കാട്ടിയാവുന്ന ഗൂഗിള്‍ മാപ്പ് എടുത്തു വച്ച് നടന്നു ; പതിനഞ്ച് മിനുട്ട് തികച്ച് എടുത്തില്ല ഹോട്ടലില്‍ എത്താന്‍. ബുക്ക്‌ ചെയ്തപ്പോള്‍ പറഞ്ഞ ചെക്ക്‌ഇന്‍ ടൈമിനേക്കാളും ഒരല്പം നേരത്തെയാണ് ഞങ്ങള്‍ ഹോട്ടലില്‍ എത്തിയത്. അതൊന്നും പ്രശ്നമായില്ല. ഉടന്‍ തന്നെ ഞങ്ങള്‍ക്ക് മുറി ലഭിച്ചു. കൊടുത്ത കാശിന്റെ മൂല്യത്തിനനുസരിച്ചുള്ള ഒരു നല്ല മുറി. ഏഴാമത്തെ നിലയിലാണ്. ഒരു വശത്തെ ജനാലയിലൂടെ അവസാനിക്കാത്ത നഗരസൗന്ദര്യം കാണാം. പെട്രോണാസ് ടവറും, കെ.എല്‍ ടവറും ഒരേ സമയം കാണാം.
താഴെയുള്ള ഒരു സ്റ്റോറില്‍ ചെന്ന് അല്ലറ ചില്ലറ സാധനങ്ങളും രുചിച്ചു നോക്കാന്‍ ബീയറും വാങ്ങി. വെള്ളിയാഴ്ചയാണ്. വീക്ക്‌ഏന്‍ഡ് പാര്‍ട്ടി ഉള്ള ദിവസമാണ്. രാത്രി മുഴുവന്‍ ഉറങ്ങാതെയിരിക്കാനുള്ളതാണ്. കടയില്‍ നിന്നും വാങ്ങിയ സ്നാക്ക്സ് കഴിച്ച ശേഷം ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ കോലാലംപൂരിന്റെ നഗരതെരുവിലേക്ക് ഇറങ്ങി. തെരുവുകളിലേക്ക് ആളുകള്‍ എത്തിതുടങ്ങുന്നതെയുള്ളൂ. എല്ലാ റസ്റ്റോറെന്റ്കളും ബാറുകളും നടപ്പാതയിലേക്ക് കൂടി അവരുടെ മേശകളിടുന്ന തിരക്കിലാണ്. അല്പസമയത്തിനകം തന്നെ ബാര്‍ലൈറ്റുകള്‍ തെളിഞ്ഞു തുടങ്ങി. ഒപ്പം ആര്‍ക്കും ചുവടുകള്‍വെക്കാന്‍ തോന്നുന്ന രീതിയിലുള്ള ചടുല സംഗീതവും. എല്ലാ കടകളുടെയും മുന്നില്‍ അവരുടെ വില വിവരപട്ടികയും ഹാപ്പിഅവര്‍സ് ഓഫറുകളും എഴുതി വച്ചിട്ടുണ്ടായിരുന്നു. ഞാനും ഫെലിക്സും പാര്‍ട്ടിസ്ട്രീറ്റിലൂടെ നടക്കാന്‍ തുടങ്ങി. സ്വദേശി\കളും വിദേശികളുമടങ്ങുന്ന ജനക്കൂട്ടം ആട്ടവും പാട്ടും തീറ്റയും കുടിയുമായി ആഘോഷം ആരംഭിച്ചിരിക്കുന്നു. അഞ്ചു ദിവസത്തെ ജോലിയുടെ ക്ഷീണവും ടെന്‍ഷനും മറന്ന് സ്വയം ചാര്‍ജ് ചെയുകയാവാം അവരില്‍ പലരും. ആണും പെണ്ണും കയ്യില്‍ കൈ ചേര്‍ത്തുവെച്ച് നടന്നു നീങ്ങുന്നു. വിലയേറിയ കാറുകളും ബൈക്കുകളും റോഡുകളുടെ ഓരം ചേര്‍ന്ന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. കടയുടെ അകത്തേക്ക് കൈമാടി വിളിച്ചും ഓഫറുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞും ശ്രദ്ധ ക്ഷണിക്കുകയാണ് അവിടത്തെ ജോലിക്കാര്‍. രാത്രിക്ക് ഹരം പകരാന്‍ പെണ്‍ശരീരങ്ങള്‍ വില്‍ക്കുന്നവരെയും കണ്ടു ആ കൂട്ടത്തില്‍. കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ നമ്മുടെ നാട്ടിലെ തട്ടുകടകള്‍ പോലെയുള്ള കടകള്‍ പ്ലാസ്റ്റിക്‌ കസേരകളും മേശകളും താല്‍കാലികമായി നിരത്തി മീനും ഇറച്ചിയും പൊരിച്ചത് പോലെയുള്ള പലഹാരങ്ങളും ബിയറും വില്‍ക്കുകയാണ് അക്കൂട്ടര്‍. വെളിച്ചവും സംഗീതവും നിറഞ്ഞ തെരുവിലൂടെ കുറച്ച് ദൂരം നടന്ന ശേഷം ഞങ്ങളും ഒരു കടയില്‍ കയറി. ആഘോഷരാവായത്‌ കൊണ്ടാവണം എല്ലാത്തിനും തീവില. എല്ലാ കടകളിലും ഇതൊക്കെ തന്നെയാണ് നിരക്കുകള്‍. പിന്നെ പതുക്കെ പതുക്കെ തിന്നും കുടിച്ചും ആടിയും പാടിയും  ഞങ്ങളും ആ രാത്രിയുടെ ഭാവത്തിലേക്ക് അലിഞ്ഞു ചേര്‍ന്നു.

Jun 24, 2015

എനിക്കും നിനക്കും

എനിക്കും നിനക്കും കാണേണ്ടത്
പുതിയൊരു പുലരിയുടെ തെളിച്ചമാണ്.
എനിക്കും നിനക്കും കേള്‍ക്കേണ്ടത്
സ്വാതന്ത്ര്യത്തിന്റെ ഗീതമാണ്‌.
എനിക്കും നിനക്കും പറയേണ്ടത്
ജീവിതത്തിന്‍റെ കഥകളാണ്.
എനിക്കും നിനക്കും അറിയേണ്ടത്
രാത്രിയിലെ മഴയുടെ ഗന്ധമാണ്.
പക്ഷെ,
എനിക്കും നിനക്കും ഇടയിലുള്ളതോ;
അളക്കാനാവാത്ത ദൂരമാണ്.
കാരണം,
എനിക്കും നിനക്കും ഇടയിലുള്ളത്;
പരിചയമില്ലാത്ത ദൈവങ്ങളാണ്,
തിരിച്ചറിവില്ലാത്ത മനുഷ്യരാണ്,
പിന്നോട്ട് നീങ്ങുന്നൊരു ലോകമാണ്.

You might also like this

Related Posts Plugin for WordPress, Blogger...